കൊച്ചി: ഇന്ത്യന്‍ ഉന്നത രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (റോ) ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ റോ ഇതുവരെ വിശദീകരണം നല്‍കിയില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) റോയുടെ വിശദീകരണം തേടിയിരുന്നു. ഹര്‍ജി ഫെബ്രുവരി 15ന് വീണ്ടും പരിഗണിക്കും.
ഇന്റലിജന്‍സ് ബ്യൂറോ തങ്ങളുടെ അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് - 2ലേക്കു നടത്തിയ പരീക്ഷയില്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഉദ്യോഗാര്‍ഥികളില്‍നിന്ന് റോയുടെ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിച്ചെന്നാണ് ആരോപണം.
ഉദ്യോഗാര്ഥികളിലൊരാളാണ് ആരോപണം ഉന്നയിച്ച് സിഎടിയെ സമീപിച്ചത്. രണ്ടായിരത്തോളം പേരാണ് അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികയിലേക്കു പരീക്ഷ എഴുതിയത്. ഇവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് റോ നിയമനം നല്‍കുന്നത് നിയമപരമായി തെറ്റാണെന്നും ഇവര്‍ക്ക് റോയില്‍ നിയമനം നല്‍കുന്നതിലൂടെ നിയമന യോഗ്യതകളില്‍ വിട്ടുവീഴ്ച വരുത്തിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിനടക്കം പരാതി നല്‍കിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
റോയിലെ നിയമനത്തിന് വിജ്ഞാപനം ഉണ്ടായിരുന്നില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വഴിയാണ് റോ നിയമന ഉത്തരവ് അയച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
റോ ഡെപ്യൂട്ടി ഫീല്‍ഡ് ഓഫീസര്‍ നിയമനം: ഹര്‍ജിയില്‍ ഇതുവരെ വിശദീകരണമില്ല
01:39 AM Jan 29, 2023 | Deepika.com