പാലാ: ബ്രിട്ടീഷ് പൗരന്മാര്ക്കു കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷിന് സിറ്റിയുമായി സഹകരിച്ചു മെഡിക്കല്‍ ടൂറിസം പദ്ധതിക്കു തുടക്കം കുറിച്ചു. ഇരുപതിലധികം ബ്രിട്ടീഷ് പൗരന്മാരാണ് ആഷിന് സിറ്റി ടൂര്‍സിന്റെ ഭാഗമായി മെഡിസിറ്റിയില്‍ എത്തിയത്.
യുകെയില്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാകാനുള്ള കാലതാമസവും ശസ്ത്രക്രിയകള്‍ക്കും മറ്റും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും ബ്രിട്ടീഷ് പൗരന്മാര് നേരിടുന്ന പ്രശ്നങ്ങളാണ്. അതിനൊപ്പം ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കു പുറത്തു ചികിത്സ കിട്ടുന്നതു വളരെ ചെലവേറിയതായതിനാലും അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യയില്‍ വന്നു ചികിത്സ തേടുന്നത് ഇപ്പോള്‍ സാധാരണമാണ്.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്കും കൂടെയുള്ളവര്‍ക്കും ചികിത്സയ്ക്കു ശേഷം വിനോദത്തിനായി ഹില്‍ സ്റ്റേഷനുകളും കായലുകളും മറ്റു ടൂറിസം കേന്ദ്രങ്ങളും അടുത്തുള്ളതിന്റെ ഭൂമിശാസ്ത്രപരമായ നേട്ടവും അനുയോജ്യമായ കാലാവസ്ഥയും മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാൻ അനുയോജ്യമാണെന്നു മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍ ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.
വിദേശ ഇന്‍ഷ്വറന്‍സ് കമ്പനികളുമായുള്ള സഹകരണവും ഒപ്പംതന്നെ മികച്ച ടൂറിസം സാധ്യതകളും ഈ മേഖലയില്‍ മെഡിക്കല്‍ ടൂറിസം വളര്‍ത്തിയെടുക്കാന്‍ സഹായകരമാണെന്ന് ആഷിന് സിറ്റി ടൂര്‍സ് ഡയറക്ടര്‍ ജിജോ മാധവപ്പള്ളില്‍ പറഞ്ഞു.
അതിനൊപ്പംതന്നെ പുണ്യ സ്ഥലങ്ങളുള്ളത് പില്‍ഗ്രിം ടൂറിസത്തിനും ഏറെ സാധ്യത തുറക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ടൂറിസം പദ്ധതിയുമായി മാര്‍ സ്ലീവാ മെഡിസിറ്റി
12:39 AM Jan 29, 2023 | Deepika.com