നിശാന്ത് ഘോഷ്
കണ്ണൂർ: കോവിഡ് കാലഘട്ടത്തിലുൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്ത റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കുടിശികയായിരിക്കെ ഓണക്കിറ്റുകൾ വിതരണം പൂർത്തിയാക്കിയതിന് ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ വക കുതിരപ്പവൻ സമ്മാനം!
2022ലെ ഓണക്കിറ്റ് തയാറാക്കി വിജയകരമായി വിതരണം ചെയ്ത സപ്ലൈകോ റീജണൽ മാനേജർ, അസി. മാനേജർ എന്നിവർക്ക് ഒരുഗ്രാം സ്വർണനാണയവും 14 ഡിപ്പോ മാനേജർമാർക്ക് അര ഗ്രാം സ്വർണനാണയവും വീതമാണ് സമ്മാനമായി നൽകുന്നത്. യഥാർഥത്തിൽ കിറ്റുകൾ തയാറാക്കി വിതരണത്തിന് ഒരുക്കിയത് മാവേലി സ്റ്റോറുകളിലെ ജീവനക്കാരാണെങ്കിലും ഇവരെ സർക്കാർ പൂർണമായും തഴയുകയും ചെയ്തു.
കാർഡൊന്നിന് റേഷൻ വ്യാപാരികൾ ഇതുവരെയായി 14 കിറ്റുകളാണ് വിതരണം ചെയ്തതെങ്കിലും ഏതാനും കിറ്റുകളുടെ കമ്മീഷൻ മാത്രമാണു നൽകിയത്. ഒരു കിലോയ്ക്ക് 1.80 പൈസ എന്ന നിരക്കിലായിരുന്നു കമ്മീഷൻ. വിതരണം ചെയ്ത കിറ്റുകളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ ഒരു കിറ്റിന് 18 രൂപയാണ് ലഭിക്കേണ്ടത്.
കമ്മീഷൻ കുടിശികയായതിനെതിരേ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കുടിശിക വിതരണം ചെയ്യാത്തതിന്റെ പേരിൽ കോടതിയലക്ഷ്യ കേസ് നൽകിയതിനെ തുടർന്ന് എത്രയും പെട്ടെന്ന് കമ്മീഷൻ കൊടുക്കാൻ കോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഇതിനെതിരേ ഭക്ഷ്യവകുപ്പ് അപ്പീൽ പോകുകയായിരുന്നു.
സർക്കാരിന്റേത് വഞ്ചനാപരമായ സമീപനം: റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കോവിഡ് കാലത്തുൾപ്പെടെ പോലും ജീവൻ പണയം വച്ച് ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുന്നതിൽ അശ്രാന്തപരിശ്രമം നടത്തിയ റേഷൻ വ്യാപാരികളോട് സർക്കാർ വഞ്ചനാപരമായ സമീപനമാണ് പുലർത്തുന്നതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി ആരോപിച്ചു.
11 മാസം കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മീഷൻ കോടതി വിധിയുണ്ടായിട്ടും നൽകാതെ സപ്ലൈകോ ഉദ്യോഗസ്ഥർക്ക് സ്വർണപ്പതക്കം നൽകുന്നത് പ്രതിഷേധാർഹമാണ്. കോവിഡ് കാലത്ത് മരിച്ച റേഷൻ വ്യാപാരികളിൽ പലരും ഇൻഷ്വറൻസിന് പുറത്തായിരുന്നു. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പോലും നൽകാൻ സർക്കാർ തയാറായില്ലെന്നും ടി. മുഹമ്മദലി പറഞ്ഞു.
കിറ്റ് വിതരണം: റേഷൻ വ്യാപാരികൾക്കു കമ്മീഷനില്ല, ഉദ്യോഗസ്ഥർക്ക് "കുതിരപ്പവൻ’
12:39 AM Jan 29, 2023 | Deepika.com