തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരേ പരസ്യ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ എംഎൽഎ. കേരള കോണ്ഗ്രസ് -ബി സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഗണേഷ്കുമാർ ഇടതുമുന്നണിക്കെതിരേ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
ഇടതുമുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു.
വികസനമേഖലയിൽ ചർച്ചകൾ ഉണ്ടാകുന്നില്ല. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണം.അജണ്ട നിശ്ചയിച്ച് ചർച്ചകൾ നടത്തുന്നതു നല്ലതാണ്. അതിനു പുറത്തുള്ള കാര്യങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ അത് ചർച്ച ചെയ്യപ്പെടണം. അതേസമയം, സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും സ്ഥാനങ്ങൾ ലഭിക്കുമെന്നു കരുതി ജനങ്ങൾക്കുവേണ്ടി സംസാരിക്കാതിരിക്കില്ലെന്നും പത്രപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗണേഷ്കുമാർ പറഞ്ഞു.
കസേര കിട്ടുമെന്നു പറഞ്ഞോ സമ്മാനം കിട്ടുമെന്നു പറഞ്ഞോ മിണ്ടാതിരിക്കില്ല. പാർട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് ഒരിക്കലും പ്രവർത്തിക്കില്ല. എനിക്കു ശേഷം പ്രളയം എന്ന ചിന്തയില്ല. പാർട്ടിയിൽ പുതിയ നിര ഉയർന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്കെതിരേ ഗണേഷ്കുമാറിന്റെ പരസ്യവിമർശനം
12:39 AM Jan 29, 2023 | Deepika.com