നാദാപുരം: വീട്ടുടമയെ വെട്ടിക്കൊന്ന് അയൽവീട്ടുകാരനായ യുവാവ് ആത്മഹത്യ ചെയ്തു. കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപൊയിൽ ഈന്തുള്ള തറയിൽ ഹോട്ടൽ തൊഴിലാളി വണ്ണാന്റ പറമ്പത്ത് ബാബു(52)വിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും അയൽവാസി ഓട്ടോ ഡ്രൈവർ നീലിയങ്ങാട്ടുമ്മൽ ഒ.ടി. രാജീവ(50)നെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 9.30ഓടെയാണു ബാബുവിനെ വീട്ടിനകത്തെ കിടപ്പുമുറിയിൽ കഴുത്തറത്ത നിലയിലും വയറിൽകുത്തേറ്റ് കുടൽ പുറത്തായ നിലയിലും കാണുന്നത്. വടകര കൈനാട്ടിയിൽ ഹോട്ടൽ തൊഴിലാളിയായ ബാബു ജോലി കഴിഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെയാണ് വണ്ണാത്തിപൊയിലിലെത്തിയത്.
ഭാര്യ വിജില രാവിലെ 8.30 ഓടെ സമീപത്തെ അങ്കണവാടിയിൽ റിപ്പബ്ലിക് ദിനാ ഘോഷത്തിൽ പങ്കെടുത്ത് മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ബാബുവിന്റെ മകൾ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഇവർ സമീപത്തെ മുറിയിൽ ഉറക്കത്തിലായിരുന്നു.
പോലീസെത്തി പരിശോധന നടത്തുന്നതിനിടെയാണു തൊട്ടടുത്ത വീട്ടിലെ ഓട്ടോ തൊഴിലാളി ഒ.ടി. രാജീവനെ ഇയാളുടെ വീടിന്റെ പിറകു ഭാഗത്തെ വിറക് പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബാബുവിന്റെ ഭാര്യ വിജില. മക്കൾ: യദുകൃഷ്ണ, കൃഷ്ണേന്ദു (ഇരുവരും വിദ്യാർഥികൾ ). രാജീവന്റെ ഭാര്യ ലിജി. മക്കൾ: അൻഷൻ, അഞ്ജന.
ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി അയൽവാസി ജീവനൊടുക്കി
01:08 AM Jan 28, 2023 | Deepika.com