കൂത്തുപറമ്പ്: സ്കൂൾ ഫെസ്റ്റ് നടക്കുന്നതിനിടെ പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർഥികളെ മർദിച്ചു. വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഇരുപതോളം വിദ്യാർഥികൾക്കുനേരേയാണ് അക്രമം ഉണ്ടായത്. മൂന്ന് വിദ്യാർഥികൾക്കു സാരമായി പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ‘ഉണർവ്’ എന്നപേരിൽ സ്കൂൾ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ വേദിക്കു പുറത്തുനിന്ന് ഒരുകൂട്ടം വിദ്യാർഥികൾ ഡാൻസ് കളിച്ചിരുന്നു. ഈ സമയം പുറത്തുനിന്നെത്തിയ സംഘം അകാരണമായി തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറയുന്നു. സാരമായി പരിക്കേറ്റ സി.പി. റംഷാദ്, മുഹമ്മദ് സയിൻ, ഹംസ നിഹാൽ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ. സിയാദ്, വി.വി. റിയാൻ, വി.പി. അജ്ഫാൻ, വിനീത് തുടങ്ങി പത്തുപേർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഹംസ നിഹാലിന്റെ മൂക്കിന്റെ എല്ല് തകർന്നിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.
സ്കൂൾ ഫെസ്റ്റിനിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാർഥികളെ മർദിച്ചു
12:44 AM Jan 26, 2023 | Deepika.com