തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാൻ മന്ത്രിയായി മടങ്ങിയെത്തും. സജി ചെറിയാനുമായി ബന്ധപ്പെട്ട കേസ് കോടതി തള്ളിയ സാഹചര്യത്തിലാണു വീണ്ടും മന്ത്രിയാകാനുള്ള സാധ്യത തെളിയുന്നത്.
ഇക്കാര്യത്തിൽ സിപിഎം തീരുമാനമൊന്നും തത്കാലം എടുത്തിട്ടില്ലെങ്കിലും സജി ചെറിയാനെ മന്ത്രിയാക്കാൻ ധാരണയായിട്ടുണ്ട്. ഇതു സംബന്ധിച്ച് എജിയുടെ നിയമോപദേശം പാർട്ടിയും സർക്കാരും തേടി.
ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടു വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎസ്ഥാനം റദ്ദാക്കണമെന്ന ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കേസിൽ സജി ചെറിയാനെതിരേ തെളിവില്ലെന്നാണു പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണു ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദേശ്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
സജി ചെറിയാനെതിരേ നിലവിൽ കേസൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അദ്ദേഹം രാജിവച്ചത് ധാർമികത കണക്കാക്കിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ പച്ചക്കൊടി: സജി ചെറിയാൻ മന്ത്രിയായി മടങ്ങിയെത്തും
01:47 AM Dec 10, 2022 | Deepika.com