നിങ്ങളുടെ ആവശ്യങ്ങൾ;ഞങ്ങളുടെ അവകാശങ്ങൾ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അത്ര ഹൃദ്യമായിരുന്നു ആ സംഗമം! വൃദ്ധരായ മാതാപിതാക്കളേയും അപ്രതീക്ഷിത രോഗങ്ങളും അപകടങ്ങളുംവഴി ശരീരത്തിന്റെ ചലനശേഷി നഷ്ടമായവരേയും പവിത്രമായ ദൈവസങ്കേതത്തിലേക്ക് കൈപിടിച്ചാനയിച്ച ചരിത്രസംഗമം! മുൻകൂട്ടി അറിയിച്ചിരുന്നതുകൊണ്ട്, ആ ദിവസത്തിനായി അവർ കാത്തിരുന്നു. ഒത്തുചേർന്നപ്പോൾ അവരും അവരെ താങ്ങിയെടുത്ത് കൊണ്ടുവന്നവരും ഒന്നിച്ചു പ്രാർത്ഥിച്ചു. ഇന്നോളം ദൈവം നൽകിയ നന്മകൾക്ക് നന്ദിയർപ്പിച്ചു.
ഇടുക്കി ജില്ലയിലെ കിളിയാർകണ്ടം എന്ന ഗ്രാമത്തിലെ ഇടവകപ്പള്ളിയിലാണ് ഏവരും മിഴിനീർസ്നാനം ചെയ്ത് ഹൃദയശുദ്ധിനേടിയ ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. കിളിയാർകണ്ടം തിരുക്കുടുംബ ഇടവകയിലെ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ സ്നേഹസംഗമത്തിൽ ഏവർക്കും ഹൃദ്യത പകർന്ന സന്ദർഭങ്ങൾ നിരവധിയുണ്ട്.
75 വയസുകഴിഞ്ഞ മാതാപിതാക്കളെയാണ് പള്ളിവികാരി ഫാ. ജോർജ് പെരുമാലിയുടെ നേതൃത്വത്തിൽ ദൈവാലയത്തിൽ ചേർത്തണച്ചത്. ഇവരാണ് അര നൂറ്റാണ്ടു മുന്പേ, ഹൈറേഞ്ചിന്റെ മല കയറിവന്ന് ഈ ഗ്രാമത്തിൽ ഏലവും കുരുമുളകും ഇഞ്ചിയും കാപ്പിയും കപ്പയുമെല്ലാം കൃഷി ചെയ്ത് ഇടുക്കിയുടെ ജൈവസമൃദ്ധിക്ക് കാവലിരുന്നത്. ഇവരാണ് കാടിനും മലനിരകൾക്കും കേടുവരുത്താതെ ഈ മലയോരങ്ങളിൽ മനുഷ്യന് സഞ്ചാരയോഗ്യമായ പാതകൾ തെളിച്ചത്. ഇവരാണ് ഈ നാട്ടിൽ മുളയും തടിയുംകൊണ്ട് ഹരിതകൂടാരങ്ങൾ തീർത്ത് അവിടെ ദൈവാരാധനയ്ക്ക് ബലിപീഠം ഒരുക്കിയത്.
ഇവരാണ് മലന്പാന്പിനോടും മലന്പനിയോടും പട്ടിണികൊണ്ടു പടവെട്ടി, സ്വന്തം കരളുപിഴിഞ്ഞ് ഇവിടെ പുതുതലമുറയെ വളർത്തിയെടുത്തത്. മധ്യകേരളത്തിൽനിന്നും അതിജീവനത്തിനായി ഒരു ജനത നടത്തിയ കുടിയേറ്റത്തിന്റെ കണ്ണീരും വിയർപ്പുംകൊണ്ടെഴുതിയ വീരചരിതങ്ങളുടെ ശീർഷകങ്ങൾ കീറിയെറിഞ്ഞ് കുടിയേറ്റത്തെ കൈയേറ്റമായി ദുർവ്യാഖ്യാനം ചെയ്യുന്ന വർത്തമാനകാല ആഖ്യാനങ്ങളെ കുടിയിറക്കാൻ ഇന്നോളം കുടിയിരുന്നതും ഇവരാണ്. ഇവർ ആദരിക്കപ്പെടേണ്ടവരാണ്. ഇവിടെ ജീവിതത്തിന്റെ ഉപ്പും വെളിച്ചവും ഉണ്ടു വളർന്നവർ - പുതിയ തലമുറ - വളർത്തിയവരെ വാഴ്ത്തി വണങ്ങിയ സംഗമവേള, യഥാർത്ഥത്തിൽ അവർണനീയമായിരുന്നു.
ഇവർ ഒരിക്കൽ വിരൽപിടിച്ചു ദേവാലയത്തിലേക്കു നടത്തിയ അതേ വഴിയിലൂടെ, ആ മക്കൾ മാതാപിതാക്കളെ കൈപിടിച്ചു നടത്തി. അന്ന് വീണപ്പോൾ വാരിയെടുത്ത കരങ്ങളിൽ മുറുകെപ്പിടിച്ച്, ഉറയ്ക്കാത്ത കാലുകളിൽ ബലംപകർന്ന് മക്കൾ അവരെ ആദരിച്ചു, സ്നേഹിച്ചു.
ജീവിതസായാഹ്നത്തിലെത്തുന്ന മാതാപിതാക്കളുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് നിർവഹിക്കുന്ന ഈ പുതുതലമുറയുടെ പ്രവൃത്തി ശ്ലാഘനീയമാണ്. അവരുടെ ആത്മീയമായ അവകാശങ്ങൾക്ക് വലിയ പ്രാധാന്യം ഈ മക്കൾ നൽകി. അവർ നൽകിയ ഉറച്ച ദൈവവിശ്വാസത്തിന്റെയും ധാർമ്മികമായ കുടുംബ ബന്ധങ്ങളുടെയും അടിത്തറയിലാണ് പുതുതലമുറ ജീവിതം പണിയുന്നത്.
കൂട്ടുകാരേ, മനുഷ്യത്വത്തിനും രക്തബന്ധങ്ങൾക്കും കുടുംബബന്ധങ്ങൾക്കും വലിയ വില നൽകി വളരണം നിങ്ങൾ. മാതാപിതാക്കളുടെ ആവശ്യങ്ങളെ സ്വന്തം അവകാശങ്ങളായി നിറവേറ്റണം. അപ്പോൾ എല്ലാ കുടുംബങ്ങളിലും മാതാപിതാക്കൾ സംതൃപ്തരായിരിക്കും. മക്കളുടെ പരിഗണനയും പരിചരണവും സമൃദ്ധമായി ലഭിക്കാനുള്ള ഭാഗ്യം മറ്റു വീടുകളിലെന്നപോലെ സ്വന്തം കുടുംബത്തിലും ഉണ്ടോ എന്ന് നിരന്തരം അന്വേഷിക്കണം. നമ്മെ വളർത്തിയവരുടെ സംതൃപ്തിയല്ലേ, നമ്മുടെ അനുഗ്രഹം!
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
കുട്ടികൾക്ക് ആവേശമായി "ക്വിസീറ്റ' ക്വിസ് മത്സരം
തൊടുപുഴ: ദീപിക ബാലസഖ്യവും സീറ്റ അക്കാഡമി ഓഫ് എക്സലൻസും സംയുക്തമായി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ ക്വിസ് ആയ ക്വിസ്സീറ്റയുടെ ഇടുക്കി സോണൽ ലെവൽ മത്സരം തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ നടന്നു.
ഇടുക്കി സബ് കളക്ടർ ഡോ, അരുൺ എസ്. നായർ ഐഎഎസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിമല പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബത്ത് അധ്യക്ഷതവഹിച്ചു. ഡിസിഎൽ റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, സീറ്റ കോ-ഓർഡിനേറ്റർ അഞ്ജു ജോ, ഡിസിഎൽ തൊടുപുഴ മേഖലാ ഓർഗനൈസർ എബി ജോർജ് എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ അഖിൽ ശ്രീഹരി ക്വിസ് മാസ്റ്ററായിരുന്നു. 30 സ്കൂളുകളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ലഹരിവിമുക്ത ബോധവത്കരണ റാലി
ചങ്ങനാശ്ശേരി: പായിപ്പാട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ഡി സി എല്ലിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ റാലിയും ലഹരി വിമുക്ത പ്രതിജ്ഞയും സെമിനാറും നടത്തി. ലഹരി വിമുക്ത ബോധവൽക്കരണ റാലി ചങ്ങനാശ്ശേരി താലൂക്ക് റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസിഡന്റ് സി. ജെ. ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ലഹരി വിമുക്ത സന്ദേശം നൽകി.ഡിസിഎൽ ചങ്ങനാശ്ശേരി മേഖലാ ഓർഗനൈസർ ശ്രീ ജോഷി കൊല്ലാപുരം ലഹരി വിമുക്ത ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ഡാലിയ സി.എം.സി, സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ സി. തോമസ്,ഡിസിഎൽ ചങ്ങനാശ്ശേരി മേഖലാ സെക്രട്ടറി അഖിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഡിസിഎൽ ഭാരവാഹികളായ ആദിത്യൻ ടി. ബാലകൃഷ്ണൻ, ഏബല് തോമസ് സാം, കെസിയ രാജ്, ആദിത്യൻ സന്തോഷ്, ശ്രീജിത്ത് ബി, ജിജോ വർഗീസ്, അയോണ രാജു, വൃന്ദ എ. രാധിക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.