വടക്കാഞ്ചേരി: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) വിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.
വടക്കാഞ്ചേരി എങ്കക്കാട് നന്പീശൻ റോഡിലെ വാടകവീട്ടിലാണു ബിജുവിന്റെ മൃതദേഹം കണ്ടത്. ഭാര്യ മഞ്ജു വർഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടിൽ പോയ സമയത്താണ് സംഭവം. രണ്ടുദിവസമായി ബിജു വീട്ടിൽ തനിച്ചായിരുന്നു താമസം.
നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം മൂന്നു ദിവസം മുന്പാണ് നിയമനടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. അതിനു പിന്നാലെയാണു ബിജുവിന്റെ മരണം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബിജുവിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി. ട്രസ് വർക് തൊഴിലാളിയായ ബിജുവും ഭാര്യയും കുറച്ചുകാലം മുന്പാണ് വടക്കാഞ്ചേരിയിൽ വാടകവീടെടുത്ത് താമസം തുടങ്ങിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റോസ്ലിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറിയത്. മക്കളായ മഞ്ജുവും സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
റോസ്ലിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം രണ്ടുമാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭർത്താവ് മരിച്ചനിലയിൽ
12:46 AM Dec 10, 2022 | Deepika.com