തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറ്റു രാജ്യങ്ങളിൽക്കൂടി ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചു വരികയാണെന്നു മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി യുവാക്കളെ ഉൾപ്പെടുത്തി ലണ്ടനിൽ ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.
സ്ത്രീസൗഹൃദ വിനോദസഞ്ചാരം ഉറപ്പാക്കാൻ സോളോ ട്രാവലർ ഉൾപ്പെടെ സ്ത്രീ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. വനിതാ സംരംഭകർ, വനിതാ ടൂർ ഓപ്പറേറ്റർമാർ മാത്രമുള്ള ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവ 2023 ഓടെ സാധ്യമാക്കും.
കോഴിക്കോട് ബേപ്പൂരിൽ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജ് സംസ്ഥാനത്തെ എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളിൽ സ്ഥാപിക്കും.
നൈറ്റ് ലൈഫ് ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ രാത്രികാല ടൂറിസം പദ്ധതി നടപ്പാക്കാൻ 2.63 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ക്ലബ് രൂപീകരിച്ചുവരുന്നു: മന്ത്രി
12:24 AM Dec 09, 2022 | Deepika.com