കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ജനസമൂഹം തങ്ങളുടെ രാഷ്ട്രീയസമീപനം പുനഃപരിശോധിക്കുമെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി.
നിലവില്‍ എല്ലാ മുന്നണികളോടും സമദൂരത്തിലുള്ളതും തുല്യപരിഗണന നല്‍കുന്നതുമായ രാഷ്ട്രീയ നയമാണ് ലത്തീന്‍ കത്തോലിക്കര്‍ സ്വീകരിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ തീരദേശ ജനസമൂഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.
ജനുവരി 14, 15 തീയതികളില്‍ കോട്ടയത്തു ചേരുന്ന സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തിന്റെ വികസനത്തിനായി മഹത്തായ ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള ലത്തീന്‍ കത്തോലിക്കരെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും ആക്ഷേപിച്ചു സര്‍ക്കാര്‍ നിരന്തരം ആക്രമിക്കുകയാണ്.
അതിജീവനത്തിനായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയും അവയെല്ലാം പരിഹരിച്ചു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
അദാനി പണംകൊടുത്ത് നിയമിച്ചിട്ടുള്ള ഏജന്‍സിയാണ് സര്‍ക്കാരിനായി ഇപ്പോള്‍ തീരശോഷണം സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവിലെ വ്യവസ്ഥകള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്.
അദാനിക്കുവേണ്ടി എന്‍ഐഒടി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പോലും തീരശോഷണം ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരും മന്ത്രിമാരും അസത്യപ്രചരണം അവസാനിപ്പിക്കണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
ലത്തീന്‍ കത്തോലിക്കാ സമൂഹം രാഷ്ട്രീയസമീപനം പുനഃപരിശോധിക്കുമെന്ന് കെആര്‍എല്‍സിസി
12:53 AM Dec 04, 2022 | Deepika.com