താമരശേരി: ചുരത്തില്‍ ഓടുന്നതിനിടെ ട്രാവലറിനു തീ പിടിച്ചു. ആറാംവളവിനു സമീപം ഇന്നലെ രാവിലെ പത്തിനാണു സംഭവം. വാഹനം പൂര്‍ണമായി കത്തിനശിച്ചു.
കോഴിക്കോട്ടുനിന്നും വയനാട്ടിലേക്ക് ഗൃഹപ്രവേശത്തിനു പോകുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തിയത്. ഓട്ടത്തിനിടെ വാഹനത്തിന് എന്തോ പന്തികേടുതോന്നിയതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി വാഹനത്തിലെ യാത്രക്കാരോട് പെട്ടെന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങി ഓടിമാറുമ്പോഴേക്കും ട്രാവലറില്‍ ഒന്നാകെ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി.
അടിവാരം പോലീസ്, താമരശേരി പോലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ സ്ഥലത്തെത്തി. മുക്കത്തുനിന്നും അഗ്നിരക്ഷാ സേന എത്തിയാണു തീയണച്ചത്. വാഹനത്തിലെ യാത്രക്കാരുടെ ലഗേജുകളും രേഖകളും പൂര്‍ണമായും കത്തി നശിച്ചു.
താമരശേരി ചുരത്തില്‍ ഓടുന്ന ട്രാവലറിനു തീ പിടിച്ചു
01:54 AM Dec 03, 2022 | Deepika.com