കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ലഹരി വിരുദ്ധ ദിനമായി കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളും ആചരിച്ചു.
വര്‍ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരം മനസിലാക്കി വേണ്ടതായ മുന്‍കരുതല്‍ അധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതിനും ശരിയായ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനുമാണ് സംസ്ഥാന സമിതി ഇത്തരത്തില്‍ ലഹരി വിമുക്ത വിദ്യാലയം എന്ന പരിപാടി നടത്തിയത്.
പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍സെക്കൻഡറി സ്കൂളില്‍ ചേര്‍ന്ന സംസ്ഥാന യോഗം പുനലൂര്‍ എക്സൈസ് ഓഫീസര്‍ വി.ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് ലഹരി വിമുക്ത സന്ദേശം നല്കി. സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
രൂപതാ പ്രസിഡന്റ് സുമിത് സാമുവല്‍ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകര്‍ ബാഡ്ജ് ധരിച്ചു കൊണ്ടാണ് മനുഷ്യശൃംഖല സൃഷ്ടിച്ചത്. കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ശൃംഖല സൃഷ്ടിക്കും.
ലഹരിക്കെതിരേ മനുഷ്യശൃംഖല തീർത്ത് ടീച്ചേഴ്സ് ഗില്‍ഡ്
01:54 AM Dec 03, 2022 | Deepika.com