കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിനു വാവ സുരേഷിനെതിരേ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണു കേസ്.
പരിപാടിയിൽ മൈക്കിനു പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിംഗ് എഡ്യൂക്കേഷനും നഴ്സിംഗ് സർവീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണു വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിയില്‍ പങ്കെടുത്തവര്‍ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണു വനംവകുപ്പ് കേസെടുക്കാന്‍ തീരുമാനിച്ചത്. ക്ലാസെടുക്കാനായി ജീവനുള്ള വിഷപ്പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു.
മെഡിക്കൽ കോളജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടിത്തത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചതും, വിഷപ്പാമ്പുകളെ കൊണ്ടുവന്നതും വിമർശനത്തിന് കാരണമായിരുന്നു.
പാമ്പിനെ ‘മൈക്കാക്കി’ വാവ സുരേഷിനെതിരേ കേസ്
01:10 AM Dec 01, 2022 | Deepika.com