പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം രണ്ടാംമൈലിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.
ബൈക്ക് യാത്രക്കാരി പനമറ്റം മാടത്താനിയിൽ എം.എൻ. ലേഖ (വിജി-49)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ബന്ധു അർജുൻ കൃഷ്ണ (22)യ്ക്ക് സാരമായി പരിക്കേറ്റു. അർജുനെ തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു അപകടം. പത്തനാപുരത്തുനിന്ന് വാഴക്കുളത്തേക്ക് കൈതച്ചക്ക കയറ്റി പോകുകയായിരുന്നു ലോറി. അക്കരക്കുന്ന് റോഡിലേക്ക് ബൈക്ക് തിരിഞ്ഞ് കയറുന്നതിനിടെ പിന്നാലെയെത്തിയ ലോറി ഇടിച്ചുവീഴ്ത്തി.
തെറിച്ചുവീണ ലേഖ ലോറിയുടെ ചക്രത്തിനടിയിൽപ്പെട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം നന്ദനത്തിൽ ഗിരീഷ്(48) നെ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി അമിതവേഗത്തിലായിരുന്നതിനാൽ ബൈക്കിൽ ഇടിച്ച ശേഷം മുമ്പോട്ടുനീങ്ങിയാണ് നിന്നത്.
പനമറ്റം മാടത്താനിൽ നാരായണൻ നായരുടെയും വത്സലയുടെയും മകളാണ് ലേഖ. ഭർത്താവ്: പരേതനായ ഗോപകുമാർ(റാന്നി). മകൾ: ഗോപിക കൃഷ്ണരാജ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
11:58 PM Nov 30, 2022 | Deepika.com