കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്നു വാക്കാല്‍ ചോദിച്ച ഹൈക്കോടതി മേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നു നിര്‍ദേശം നല്കി.
വിഴിഞ്ഞം സമരത്തെ തുടര്‍ന്നു തുറമുഖ നിര്‍മാണത്തിനു മതിയായ പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ പ്രോജക്ട്സും നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് അനു ശിവരാമനാണ് നിര്‍ദേശം നല്‍കിയത്.
ഹര്‍ജി പരിഗണിക്കവേ സമരക്കാരുടെ ആക്രമണങ്ങളില്‍ 40 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി എന്‍. മനോജ് കുമാര്‍ വിശദീകരിച്ചു.
മൂവായിരത്തോളം പേരാണ് പ്രതിഷേധ സമരവുമായി രംഗത്തുള്ളത്. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സമരക്കാരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും വിശദീകരിച്ചു. സമരക്കാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കമുള്ള സംഭവങ്ങളും സര്‍ക്കാര്‍ അറിയിച്ചു. അക്രമത്തിനു പ്രേരിപ്പിച്ചവരെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു.
അനിഷ്ട സംഭവങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണു ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രസേനയെ വിളിച്ചാലും നിലവിലെ സ്ഥിതിക്കു മാറ്റം ഉണ്ടാകില്ലെന്നും കോടതിയുടെ വാക്കാലുള്ള ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രസേനയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാരല്ല പറയേണ്ടതെന്നും ഇക്കാര്യത്തില്‍ മുന്‍വിധിയോ ഊഹാപോഹങ്ങളോ വേണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് മറുപടി നല്കി.
പദ്ധതിമേഖലയിലേക്കു വെള്ളിയാഴ്ച ഹെവി വാഹനങ്ങള്‍ കടത്തി വിടാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സമരക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച സമരക്കാരുമായി ചര്‍ച്ച നടത്തണമെന്നും ശനിയാഴ്ച വാഹനങ്ങള്‍ കൊണ്ടുവരാമെന്നും സര്‍ക്കാര്‍ അറിയിച്ചെന്നും ഇതനുസരിച്ചെത്തിയ വാഹനങ്ങളാണ് സമരക്കാര്‍ ആക്രമിച്ചതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
അക്രമം ചെറുക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസഹായരായി നോക്കി നില്‍ക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചൂ.
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്ന് ഹൈക്കോടതി
01:50 AM Nov 29, 2022 | Deepika.com