കൊച്ചി: നീതിക്കുവേണ്ടി അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം എന്പാടും പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി.
വിഴിഞ്ഞത്ത് സമരക്കാർക്കെതിരേ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സമരം ഐക്യദാർഢ്യ സമിതി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയ സർക്കാർ നടപടി അധികാരത്തിന്റെ അഹന്തയാണെന്ന് ടി.ജെ. വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ അഡ്വ. തന്പാൻ തോമസ് അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, കെആർഎൽസിസി അസോ. ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, സെക്രട്ടറി പി.ജെ. തോമസ്, കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറന്പിൽ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം: ധാർഷ്ട്യം വെടിഞ്ഞ് സർക്കാർ ചർച്ചയ്ക്ക് തയാറാകണം: ഹൈബി ഈഡൻ എംപി
12:06 AM Nov 29, 2022 | Deepika.com