കരുമാലൂർ (കൊച്ചി) : കോൺഗ്രസ് രാഷ്ട്രീയത്തിൽ വിവാദം ഉണ്ടാക്കിയതു താനല്ലെന്നും അതുണ്ടാക്കിയവർ തന്നെ പറയട്ടെയെന്നും ശശി തരൂർ എംപി. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഭാഗത്തുനിന്നു പാർട്ടിയെക്കുറിച്ചോ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചോ ഒരു മോശം വാക്ക് ഉണ്ടായതായി കേട്ടിട്ടുണ്ടോ. അതിനാൽ എന്താണു വിഷയമെന്നു മനസിലായിട്ടില്ല. നിങ്ങളൊക്കെ പറയുന്നു, വിവാദം നടക്കുന്നു എന്ന്. തന്റെ ഭാഗത്തുനിന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നായി കാണുന്നു. തനിക്ക് ആരോടും സംസാരിക്കാനും ഒരു പ്രശ്നവുമില്ല. ഇങ്ങനെ സംസാരിക്കാതിരിക്കാൻ നമ്മൾ കുട്ടികളാണോയെന്നും തരൂർ ചോദിച്ചു.
പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റുമായി ഒരു അകലവും കാണുന്നില്ല. താരിഖ് അൻവർ തന്നോട് ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. എവിടെ പോയാലും ഡിസിസിയോടു പറയുന്നുണ്ട്.
പറവൂരിൽ വന്നതു പോലുള്ള ചില സ്വകാര്യ പരിപാടികൾക്കു പോകുമ്പോൾ ഡിസിസി പ്രസിഡന്റിനോടു പറയേണ്ട ആവശ്യമില്ല. അച്ചടക്കസമിതിയുടെ നോട്ടീസ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തെങ്കിലും തെറ്റ് ഉണ്ടായാലല്ലേ അതിന്റെ ആവശ്യമുള്ളൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
താനല്ല വിവാദം ഉണ്ടാക്കിയത്: ശശി തരൂർ
02:15 AM Nov 28, 2022 | Deepika.com