കൊച്ചി: ശശി തരൂരിനെ പിന്തുണച്ചു കോൺഗ്രസിലെ യുവനേതാക്കള്‍. ഹൈബി ഈഡന്, മാത്യു കുഴല്നാടന്, കെ.എസ്. ശബരീനാഥന് എന്നിവരാണ് തരൂരിനു പിന്തുണയുമായി എത്തിയത്. കോണ്‍ഗ്രസിന്റെ യഥാര്‍ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണു ശശി തരൂരെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. തരൂരിനെ അംഗീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. തരൂരിനെ കേള്‍ക്കാന്‍ ഒരുപാടുപേര് കാത്തിരിക്കുന്ന സമയമാണെന്നും തരൂരിന്റെ കഴിവു കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നും ഹൈബി അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയിലാണ് യുവനേതാക്കള്‍ തരൂരിനെ പിന്തുണച്ച് രംഗത്തു വന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന് ആവശ്യപ്പെട്ടത്. തരൂരിനെക്കുറിച്ച് ജനത്തിന് ബോധ്യമുണ്ട്. നെഹ്റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും ശബരീനാഥന് ഓർമിപ്പിച്ചു.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു മാത്യു കുഴല്‍നാടന്റെയും പരാമര്‍ശം. ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ ആകുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒട്ടേറെ ഫോര്‍വേഡുകളുണ്ട്. പക്ഷേ, ഗോളി ശരിയല്ലെങ്കില്‍ കളി തോല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.
തരൂരിനെ പിന്തുണച്ച് യുവനേതാക്കള്‍
02:15 AM Nov 28, 2022 | Deepika.com