കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പാർട്ടി നിർദേശമില്ലാതെ മലബാർ പര്യടനത്തിനിറങ്ങിയ തിരുവനന്തപുരം എംപി ശശി തരൂരിനു താക്കീത് നൽകാൻ കെപിസിസി അച്ചടക്ക സമിതിയുടെ ശിപാർശ.
പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ ഇത്തരം പോക്ക് സമാന്തര പ്രവർത്തനമാണെന്ന ധ്വനിയോടെയുള്ള ചർച്ച പൊതുസമൂഹത്തിൽ ഉയരുന്നത് ഇനി ആവർത്തിക്കരുതെന്നുള്ള നിർദേശം നൽകണമെന്നാണ് ഇന്നലെ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി യോഗം കെപിസിസി പ്രസിഡന്റിനോടു ശിപാർശ ചെയ്തത്. അച്ചടക്ക സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ തരൂരിനു നിർദേശം നൽകണ്ടേതു കെപിസിസി പ്രസിഡന്റാണ്.
പാർട്ടി ഹൈക്കമാൻഡിന്റെയോ കെപിസിസിയുടെയോ അനുമതിയില്ലാതെയുള്ള ശശി തരൂരിന്റെ മലബാർ പര്യടനം സമാന്തര പ്രവർത്തനമാണെന്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പരാതികൾ കെപിസിസി അച്ചടക്ക സമിതിക്കു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അച്ചടക്ക സമിതി യോഗം ചേർന്നത്.
തീരുമാനങ്ങൾ വിശദീകരിക്കാൻ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസിയിൽ ഇന്നലെ വൈകുന്നേരം പത്രസമ്മേളനം വിളിച്ചെങ്കിലും ഇതിൽ കൂടുതൽ വ്യാഖ്യാനങ്ങൾ വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
തരൂരിന്റെ നാഥനില്ലാത്ത ഇത്തരം പോക്ക് ഇനി ആവർത്തിക്കരുതെന്ന കെപിസിസി അച്ചടക്ക സമിതിയുടെ ശിപാർശ പത്രസമ്മേളനത്തിൽ പറയുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന അഭിപ്രായവും ഉയർന്നു.
തരൂരിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബലൂണ് പ്രയോഗം അടക്കമുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തരൂരിനെതിരേ ഉയർന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സ്വീകരിക്കുന്ന നടപടികളും ചോദ്യങ്ങളായി ഉയരാൻ സാധ്യതയുള്ളതിനാൽ പത്രസമ്മേളനം ഉചിതമാകില്ലെന്ന അഭിപ്രായം ഉയർന്നു.
ഏതു പരിപാടിയും പാർട്ടിയുടെ നേതാവെന്ന നിലയിൽ ശശി തരൂരിനു സ്വീകരിക്കാം, പങ്കെടുക്കാം. എന്നാൽ, പരിപാടി നടക്കുന്ന ജില്ലയിലെ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ പ്രസിഡന്റുമാരെ ഇക്കാര്യം അറിയിക്കണം. പാർട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിർന്ന നേതാക്കളടക്കം ഇതു പാലിക്കാറുമുണ്ട്.
ഇപ്പോൾ തരൂർ നടത്തിയതു പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന അഭിപ്രായം അച്ചടക്ക സമിതിക്കില്ല. എന്നാൽ, ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തര പ്രവർത്തനമെന്നും വിഭാഗീയ പ്രവർത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളിൽ വരെ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണു തരൂരിനെ പിടിച്ചുകെട്ടാനുള്ള കെപിസിസിയുടെ നീക്കം.
തരൂരിനു താക്കീത് നൽകാൻ ശിപാർശ
01:55 AM Nov 26, 2022 | Deepika.com