കൊച്ചി: മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതിയായ ഡിംപിള്‍ ലാംബയ്ക്കുവേണ്ടി വക്കാലത്തില്ലാതെ കോടതിയില്‍ ഹാജരാവുകയും കോടതി മുറിയില്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ അഡ്വ. ബി.എം. ആളൂര്‍ ഉള്‍പ്പെടെ ആറ് അഭിഭാഷകര്‍ക്കു കേരള ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അഡ്വ. ആളൂരിനു പുറമേ അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്ണേന്ദു സുരേഷ്, അഡ്വ. വിഷ്ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീര്‍ എന്നിവര്‍ക്കുമാണ് ബാര്‍ കൗണ്‍സില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈമാസം 22 നു കോടതി പരിഗണിക്കുന്ന സമയത്ത് ഡിംപിളിനു വേണ്ടി അഡ്വ. അഫ്സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തര്‍ക്കത്തിനിടയാക്കി.
അഫ്സലിനോടു കോടതി മുറിയില്‍നിന്നു പുറത്തു പോകാന്‍ ആളൂര്‍ ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ കോടതി ഇടപെട്ട് താക്കീതു നല്കി. അഫ്സലിനാണു വക്കാലത്ത് നല്‍കിയതെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്‍വാങ്ങേണ്ടിയും വന്നു. ഈ സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ പരാതി രജിസ്റ്റര്‍ ചെയ്താണ് ബാര്‍ കൗണ്‍സില്‍ അഡ്വ. ആളൂരിനും ഒപ്പമുള്ള അഭിഭാഷകര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചു രണ്ടാഴ്ചയ്ക്കകം കാരണം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വക്കാലത്തില്ലാതെ ഹാജരായി: ആളൂര്‍ ഉള്‍പ്പെടെ ആറ് അഭിഭാഷകര്‍ക്ക് നോട്ടീസ്
01:55 AM Nov 26, 2022 | Deepika.com