നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെയും മൂന്നു യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്നെത്തിയ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പക്കൽനിന്ന് 1656 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 73 ലക്ഷം രൂപ വിലയുണ്ട്. രണ്ട് ഐ ഫോണുകളും ഈ യാത്രക്കാരിൽനിന്നു പിടിച്ചെടുത്തു.
പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീൻ എന്ന യാത്രക്കാരനിൽനിന്നാണ് 47 ലക്ഷം രൂപ വിലയുള്ള 1156 ഗ്രാം സ്വർണം പിടിച്ചെടുത്തത്. നാലു കാപ്സ്യൂളുകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണു കൊണ്ടുവന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി പരിശോധന നടത്തിയപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണത്തിനു മുകളിൽ നിലനിറത്തിലുള്ള ആവരണം ഉണ്ടായിരുന്നു.
ദുബായിൽനിന്നെത്തിയ പാലക്കാട് സ്വദേശികളായ രണ്ടു സ്ത്രീകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരുടെ പക്കൽനിന്ന് 26 ലക്ഷം വിലയുള്ള 500 ഗ്രാം സ്വർണാഭരണങ്ങളും രണ്ട് ഐഫോണുകളും പിടിച്ചെടുത്തു. മൂന്നു യാത്രക്കാരെയും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
മൂന്നു ദിവസം: പിടികൂടിയത് 14.1 കിലോ സ്വർണം
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ യാത്രക്കാരുടെ പക്കൽനിന്ന് 14 .1 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
അനധികൃതമായി കൊണ്ടുവന്ന രണ്ട് ഐഫോണുകളും പിടിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് 6.32 കോടി രൂപ വിലവരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ കഴിഞ്ഞ 23ന് 2.75 കോടി രൂപ വിലയുള്ള ആറു കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചിരുന്നു.
മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. ഇത് കൊണ്ടുവന്ന യാത്രക്കാരനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കണ്ടെത്താനായില്ല.
24ന് മുംബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് യാത്രക്കാർ 6454 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 2.6 കോടി രൂപ വിലയുണ്ട്.
ഈ സ്വർണ്ണ കള്ളക്കടത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. വിദേശത്തു നിന്നെത്തിയ ഒരു ശ്രീലങ്കൻ വംശജൻ സ്വർണം മുംബൈ വിമാനത്താവളത്തിൽ വച്ച് കൈമാറുകയായിരുന്നു .
നെടുമ്പാശേരിയിൽ ഇന്നലെയും സ്വർണവേട്ട: പിടികൂടിയത് 1656 ഗ്രാം സ്വർണം
11:13 PM Nov 25, 2022 | Deepika.com