തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപ്പാത നിർമാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താത്പര്യം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി.
ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമാണത്തിൽ ഇവരുടെ സാങ്കേതിക സഹകരണം നിലവിൽ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിലെ പാറയുടെ സ്വഭാവം മനസിലാക്കുന്നതിനുള്ള നോർവീജയൻ സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്.
ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ സർക്കാർ നിർമിക്കാൻ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിർമാണത്തിൽ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് സൂചിപ്പിച്ചത്.
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐ യുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകും എന്ന് ചൂണ്ടിക്കാട്ടി. പ്രളയ മാപ്പിംഗിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി.
കേരളത്തിന്റെ അഭിമാന പദ്ധതിക്ക് നോർവീജിയൻ സങ്കേതിക സഹായം
12:50 AM Oct 07, 2022 | Deepika.com