കോട്ടയം: പെൻഷൻ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മാധ്യമ പ്രവർത്തകർക്കൊപ്പമാണെന്നും മാധ്യമ പ്രവർത്തകരെ വിസ്മരിച്ച് ഒരു സർക്കാരിനും മുന്നോട്ടു പോകാൻ കഴിയില്ലെന്നും മന്ത്രി വി.എൻ. വാസവൻ.
ദീപിക ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാനസമ്മേളനം കോടിമത ലയണ്സ് ക്ലബ് ലേക്ക് സിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്രമേഖല ഇന്നു വലിയ പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനം ഒട്ടേറെ വെല്ലുവിളികൾ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നു. ഡിജിറ്റൽ, സോഷ്യൽ മീഡിയ തരംഗത്തിലും പ്രിന്റ് മീഡിയയിലാണ് ജനങ്ങൾക്കു വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ അധ്യക്ഷതവഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തുകയും മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോയി വാരികാട്ട്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് സീമ മോഹൻലാൽ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ജോണ്സണ് വേങ്ങത്തടം, അനീഷ് ആലക്കോട് എന്നിവർ പ്രസംഗിച്ചു.
നിഷ്പക്ഷ പത്രപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്നു: മന്ത്രി വി.എൻ. വാസവൻ
01:21 AM Oct 06, 2022 | Deepika.com