പാലാ: മയക്കുമരുന്നിനെതിരേ മതഭേദമന്യെ പൊതുസമൂഹം രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാസമിതിയും ചേർന്നു പാലായിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കലാലയങ്ങളിൽ പെരുകിവരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുട്ടികളുമായി ബന്ധപ്പെടുന്നവർ അവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നില്ലെങ്കിൽ അതും കുറ്റകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ അംബാസിഡറായി കുട്ടികളെ വളർത്തിയെടുക്കണം.
താടി കത്തുന്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണ്. ഉണക്കപ്പുല്ലിൽ തീയിട്ടശേഷം അയ്യോ തീപിടിച്ചേ എന്നു വിലപിച്ചിട്ടു കാര്യമില്ല. വാളെടുത്തല്ല, വാക്കാൽ മാതാപിതാക്കൾ കുട്ടികളെ നേർവഴിക്കു നയിക്കുന്നവരാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.കെ. ജയരാജ് ക്ലാസുകൾക്കു നേതൃത്വം നല്കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും മാർഗനിര്‍ദേശവും ലഭിക്കാത്തതിനാൽ മയക്കുമരുന്നുകൾക്കു മറ്റു തിന്മകൾക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അധ്യാപകര്‍ കുട്ടികളുടെ സംരക്ഷകരാകണമെന്നും മാതാപിതാക്കള്‍ മക്കളെ സ്വന്തം ശരീരത്തോട് ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനഡൽ കമ്മിൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ജനറൽ സെക്രട്ടറി ഫാ. ജോബി മൂലയിൽ, സിനഡൽ കമ്മീഷൻ ഫോര്‍ എഡ്യൂക്കേഷന്‍ ജനറൽ സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപ്പറന്പിൽ, അല്മായ ഫോറം ഗ്ലോബൽ ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോ ലൈഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി റോസിലി തട്ടിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ജോസ് കുറ്റിയാങ്കൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ എന്നിവര്‍ പ്രസംഗിച്ചു.
മയക്കുമരുന്നിനെതിരേ മതഭേദമന്യെ രംഗത്തുവരണം: മാർ കല്ലറങ്ങാട്ട്
02:36 AM Oct 03, 2022 | Deepika.com