കൊച്ചി: വന്‍തുക ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് നോണ്‍ വെജ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഫ്രാഞ്ചൈസിയെടുപ്പിച്ച് നൂറോളം പേരില്‍ നിന്നായി 18 കോടിയിലേറെ രൂപ തട്ടിയെടുത്ത തിരുവനന്തപുരം വെള്ളറട സ്വദേശി വിപിനെതിരെ എറണാകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ മുപ്പത്തിയഞ്ചോളം നിക്ഷേപകര്‍ ശനിയാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രാഥമിക അനേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവിധ ജില്ലകളിലുള്ള 140 ഓളം പേര് തട്ടിപ്പിന് ഇരയായതായാണ് പോലീസിന് ലഭിച്ച വിവരം.
മത്സ്യ, മാംസങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. മാര്‍ച്ച് വരെ ഫ്രാഞ്ചൈസി ആവശ്യപ്പെട്ട് സമീപിച്ചവരില്‍ നിന്ന് പത്ത് ലക്ഷം രൂപയും പിന്നീട് വന്നവരില്‍ നിന്ന് 15 ലക്ഷവും കൈക്കലാക്കി. പണം മുടക്കിയാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ച് ലൈസന്‍സ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി ചെയ്യുമെന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ച് അവിടെ ഇറച്ചി എത്തിച്ചു നല്‍കുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇതൊന്നും നടക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. ലാഭത്തില്‍ നിന്ന് ആഴ്ചതോറും നിശ്ചിത തുക നിക്ഷേപകന് നല്‍കാമെന്നും നാനൂറു ദിവസം കഴിഞ്ഞാല്‍ ലാഭത്തിന്റെ നേര് പകുതി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
ഫ്രാഞ്ചൈസിക്കായി പണം മുടക്കി വഞ്ചിതരായ നിക്ഷേപര്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഒന്നിച്ച് വിപിനെതിരെ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രാഞ്ചൈസി എടുപ്പിച്ച് 18 കോടി തട്ടിയ സംഭവം: അന്വേഷണം തുടങ്ങി
02:06 AM Oct 03, 2022 | Deepika.com