ചങ്ങനാശേരി: ആലപ്പുഴയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള സുഹൃത്തിന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയില്‍ പുരുഷന്റെ മകന് ബിന്ദുകുമാറി(ബിന്ദുമോന്-45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പാറയ്ക്കല്‍ പാലത്തിനു സമീപം എസി തോടിനരികില്‍ പായിപ്പാട് പഞ്ചായത്ത് പൂവം എസി കോളനിയിലുള്ള മുത്തുകുമാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നുമാണ് ബിന്ദുകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിന്റെ അടിത്തറമാന്തി കുഴിച്ചിട്ടശേഷം പ്ലാസ്റ്റര്‍ ചെയ്ത് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുകുമാറിന്റെ സുഹൃത്തുകൂടിയായ മുത്തുകുമാറിനെ പോലീസ് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ 26മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലെന്നു കാണിച്ച് അമ്മയും സഹോദരനും ചേര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നതിനിടയില്‍ ബിന്ദുകുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വാകത്താനത്തിനു സമീപം തോട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ബിന്ദുകുമാറിന്റെ ഫോണ്‍ ലൊക്കേഷന്‍ മുത്തുകുമാറിന്റെ പൂവത്തുള്ള വീടിന്റെ ഭാഗത്തു കണ്ടെത്തുകയും ചെയ്തിരുന്നു. ബിന്ദുകുമാര്‍ ഫോണില്‍ മുത്തുകുമാറിനെ വിളിച്ചതായും കോള്‍ രജിസ്റ്ററില്‍ കണ്ടെത്തി.
മുത്തുകുമാറിനെ കേന്ദ്രീകരിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ലെന്നുമാത്രമല്ല ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഇതിനിടയില്‍ മുത്തുകുമാറിന്റെ വീട്ടില്‍ ചിലനിര്മാണ ജോലികള്‍ നടന്നതായുള്ള വിവരവും പോലീസിനു ലഭിച്ചു.
സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത്, ചങ്ങനാശേരി സ്റ്റേഷനുകളില്‍നിന്നുള്ള പോലീസ് സംഘം വെള്ളിയാഴ്ച മുത്തുകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും വീട് പോലീസ് ബന്തവസിലാക്കുകയും ചെയ്തു.
ഇന്നലെ രാവിലെ കൂടുതല്‍ പോലീസ് സംഘമെത്തി. 11.30ഓടെ ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം തഹസില്‍ദാര്‍ വിജയസേനന്റെ സാന്നിധ്യത്തില്‍ ഷെഡ്ഡിന്റെ അടിത്തറ ഇളക്കിയാണ് ബിന്ദുകുമാറിന്റെ മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴയില്‍ വസ്തുബ്രോക്കറായ ബിന്ദുകുമാറും മേസ്തിരിപ്പണിക്കാരനായ മുത്തുകുമാറും കൃത്യംനടന്ന പൂവത്തുള്ള വീട്ടിലിരുന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മുത്തുകുമാര്‍ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ അടിത്തറമാന്തി കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് പോലീസ് നിഗമനം.
യുവാവിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുഴിച്ചിട്ടു
01:09 AM Oct 02, 2022 | Deepika.com