കൊച്ചി: കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ 13-ാമതു സംസ്ഥാന സമ്മേളനം കൊച്ചിയിൽ തുടങ്ങി.
കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ സിബിഎസ്ഇ അക്കാദമിക്സ് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു.
സിബിഎസ്ഇ തിരുവനന്തപുരം റീജണൽ ഓഫീസർ സച്ചിൻ താക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോജി പോൾ, മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമാരായ അഡ്വ. ഇബ്രാഹിം ഖാൻ, ഫാ. ഏബ്രഹാം തലോത്തിൽ ട്രഷറർ ഡോ. നേശ് ബാബു എന്നിവർ പ്രസംഗിച്ചു. മുൻ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, മുൻ ജനറൽ സെക്രട്ടറി കെ.എ.ഫ്രാൻസീസ് എന്നിവരെ ആദരിച്ചു.
സിബിഎസ്ഇ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ, ഡോ. എൻ. ഥിലി, നടനും പ്രഭാഷകനുമായ ആശിഷ് വിദ്യാർഥി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അക്കാദമിക് വിദഗ്ധരായ ഡോ. മനീഷ പ്രിയം, ഡോ. ആഷ സിംഗ്, ഡോ. പ്രഗ്യ എം. സിംഗ് തുടങ്ങിയവർ ഇന്നു സെഷനുകൾ നയിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരത്തോളം സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാന സമ്മേളനത്തിനു തുടക്കം
11:58 PM Sep 30, 2022 | Deepika.com