കോട്ടയം: മലപ്പുറത്തെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിവ് ശൈലി മാറുന്നു. നേതൃത്വം മുന്‍കൂട്ടി തീരുമാനിക്കുന്നവര്‍ നോമിനേഷനിലൂടെ ഭാരവാഹികളുമാകുന്ന പതിവ് തെറ്റിച്ചു തെരഞ്ഞെടുപ്പിലൂടെയാണു കേരള കോണ്‍ഗ്രസ് -എം കേഡര്‍ സ്വഭാവത്തിലേയ്ക്ക് മാറിയത്. എട്ടുമാസം മെമ്പര്‍ഷിപ്പ് കാമ്പയ്ന് നടത്തിയശേഷമാണ് തെഞ്ഞെടുപ്പ് നടത്തിയത്.
കേരള കോണ്‍ഗ്രസിലേക്കു കടന്നു വന്നവരുടെ പൂര്‍ണമായ വോട്ടേഴ്സ് ലിസ്റ്റ് തയാറാക്കി വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ ഭാരവാഹികളെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ തീരുമാനം നടപ്പിലായി .
ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ കൃത്യമായി പരിശോധന നടത്തിയാണ് പ്രവര്‍ത്തകരെ ചേര്‍ത്തിരിക്കുന്നത്. ജില്ലാ സമ്മേളന പ്രതിനിധികളായ ഇവരില്‍ നിന്ന് ജില്ലാ ഭാരവാഹികളെയും, ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ജില്ലാ പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇനി സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുക്കാന്‍ തീയതി നിശ്ചയിക്കും. മത്സര രംഗത്ത് വന്ന നേതാക്കന്മാരെയെല്ലാം കോര്‍ത്തിണക്കി പരിഭവവും പിണക്കവുമില്ലാതെ സമവായത്തില്‍ പല ജില്ലകളിലും ഭാരവാഹികളെ പ്രഖ്യാപിക്കാനും ജോസ് കെ.മാണിക്ക് സാധിച്ചു.
പാര്‍ട്ടി ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് .വാര്‍ഡു തലത്തില്‍ വാര്‍ഡ് പ്രസിഡന്റിനു പുറമേ രണ്ടു വൈസ് പ്രസിഡന്റുമാരും രണ്ടു സെക്രട്ടറിമാരുമേ ഭാരവാഹികളായുള്ളു. നിയോജക മണ്ഡലം തലത്തില്‍ നാലു സെക്രട്ടറിമാരും ജില്ലയില്‍ ആറു സെക്രട്ടറിമാരുമാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും പുതിയ പ്രസിഡന്റുമാരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും കമ്മറ്റികളില്‍ നല്‍കിയിട്ടുണ്ട്.
2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമേ രണ്ടു ലോക്സഭാ സീറ്റുകള്‍ കൂടി ലക്ഷ്യമാക്കിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രവര്‍ത്തനം. കോട്ടയത്തിനു പുറമേ ഇടുക്കിയോ, പത്തനംതിട്ടയോ, ചാലക്കുടിയോ ആണ് പാര്‍ട്ടി നോട്ടമിടുന്നത്.
കോട്ടയം ലോക്സഭാ സീറ്റില്‍ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീ്റ്റുകള്‍ വിട്ടുവീഴ്ച ചെയ്തതു പോലെ ലോക്സഭയിലും സിപിഎം സീറ്റുകള്‍ വിട്ടുതരുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കേരള കോണ്‍ഗ്രസ് എം 14 ജില്ലകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി
01:19 AM Sep 29, 2022 | Deepika.com