ഒറ്റപ്പാലം: ഉറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. അനങ്ങനടി കോതകുർശി ഗാന്ധിനഗറിൽ കിഴക്കേപുരയ്ക്കൽ കൃഷ്ണദാസ്(48) ആണു ഭാര്യ രജനിയെ (38) മടവാൾകൊണ്ട് വെട്ടിക്കൊന്നത്. ഇന്നലെ പുലർച്ചെ രണ്ടിനാണു നാടിനെ നടുക്കിയ സംഭവം. ഇവരുടെ മകൾ അനഘ(13)യ്ക്കും പരിക്കേറ്റിട്ടുണ്ട്. ചളവറ മുണ്ടക്കോട്ടുകുർശി സ്വദേശിനിയാണു രജനി.
കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആദ്യം വിവരമറിഞ്ഞത്. ഇവർ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു.
കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നാണു പറയപ്പെടുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ സണ്ഷേഡിൽനിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.
സംഭവം നടന്നതിനു തലേന്ന് കൃഷ്ണദാസ് പച്ചക്കറികളും വീട്ടിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ ദിവസം ഇവരുടെ വീട്ടിൽനിന്ന് അസ്വാഭാവികമായി ഒന്നും കേട്ടില്ലെന്നും പരിസരവാസികൾ പറയുന്നു. മൃതദേഹത്തിൽ ആഴത്തിലുള്ള ഏഴു മുറിവുകൾ പോലീസ് കണ്ടെത്തി. കഴുത്തിലും താടിയിലും തലയിലുമാണ് വെട്ടേറ്റത്.
അമ്മയെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് മകൾ അനഘയ്ക്കു വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. തലയ്ക്ക് ആഴത്തിൽ രണ്ടു മുറിവുകളുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ.്
കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.
രജനിയെ വെട്ടാനുപയോഗിച്ച മടവാൾ വീടിനു സമീപത്തുനിന്നു കണ്ടെത്തി. ഒറ്റപ്പാലം സിഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഭിനന്ദ് കൃഷ്ണൻ, അഭിരാമി കൃഷ്ണൻ എന്നീ രണ്ടു മക്കൾകൂടി ഇവർക്കുണ്ട്.
ഉറങ്ങുകയായിരുന്ന യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
01:19 AM Sep 29, 2022 | Deepika.com