കൊച്ചി: കലൂര്‍ ജഡ്ജസ് അവന്യു റോഡിലുള്ള വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ നിലന്പൂരിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ മമ്പാട് തയ്യില്‍ മുഹമ്മദ് ആദില്‍ (18), നിലമ്പൂര്‍ വഴിക്കടവ് കാഞ്ഞിരംകുന്നേല്‍ അലന് (18), എടവണ്ണ തേക്കേടത്ത് ഷിബിന്‍ (18) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ലക്ഷത്തോളം രൂപ വില വരുന്ന കെടിഎം ഡ്യൂക്ക് ബൈക്ക് പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. മുഹമ്മദ് ആദില്‍ മലപ്പുറം, നല്ലളം, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ അന്നേദിവസം ഇവര്‍ എറണാകുളം മാര്‍ക്കറ്റിന്റെ സമീപത്തുനിന്ന് ഒരു ഇംപള്‍സ് ബൈക്ക് കൂടി മോഷ്ടിച്ചതായി തെളിഞ്ഞു. ആ ബൈക്ക് എറണാകുളം സ്വദേശിയായ ഒരു ഓണ്‍ലൈന്‍ വ്ളോഗറുടേതായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി ഈ വാഹനം മോഷണം പോയ കാര്യം വലിയ വാര്‍ത്തയായത് അറിഞ്ഞ പ്രതികള്‍ ഈ വാഹനം കൈവശം വയ്ക്കുന്നത് അപകടം ആണെന്ന് മനസിലാക്കി. ഉടന്‍ വാഹനയുടമയെ ഫോണില്‍ വിളിച്ച് ഇവര്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് ഈ വണ്ടി ഇരിക്കുന്നതായി കണ്ടെന്നു അറിയിക്കുകയും തുടര്‍ന്ന് വണ്ടി തിരികെ കിട്ടുകയും ചെയ്തിരുന്നു.
ബൈക്ക് മോഷണം: മൂന്നു യുവാക്കൾ പിടിയില്‍
12:30 AM Sep 28, 2022 | Deepika.com