പെരിന്തൽമണ്ണ: ബഫർസോണ്‍, ഇഎസ്എ വിഷയങ്ങളടക്കം സുപ്രീംകോടതിയിലും സെൻട്രൽ എംപവർ കമ്മിറ്റിയിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലുമുള്ള കേസുകളിൽ കേരളത്തിലെ കർഷകരുടെ ആവശ്യങ്ങൾ അനുവദിച്ചുകിട്ടാൻ കോണ്‍ഗ്രസ് കക്ഷി ചേരണമെന്നും ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന സീനിയർ അഭിഭാഷകരെ ഇതിനായി നിയോഗിക്കണമെന്നും രാഹുൽ ഗാന്ധിയെ സന്ദർശിച്ചു നൽകിയ നിവേദനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ആവശ്യപ്പെട്ടു.
വനം, പരിസ്ഥിതി, വന്യജീവി കേന്ദ്ര നിയമങ്ങൾ കാലോചിതമായും കർഷക സൗഹൃദമായും പരിഷ്കരിക്കാനുള്ള അടിയന്തര നടപടികൾ എടുക്കണമെന്നും കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളും റിസർവ് വനത്തിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ പ്രതിനിധി സംഘത്തിൽ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, സംസ്ഥാന ജനറൽ കണ്‍വീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, വൈസ് ചെയർമാൻമാരായ മുതലംതോട് മണി, ജോയി കണ്ണഞ്ചിറ, കണ്‍വീനർ സിറാജ് കൊടുവായൂർ എന്നിവരാണുണ്ടായിരുന്നത്.
ബഫർ സോണ്‍: കോണ്‍ഗ്രസ് കേസിൽ കക്ഷി ചേരണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ്
12:30 AM Sep 28, 2022 | Deepika.com