മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നതിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി.
തിങ്കളാഴ്ച രാവിലെ 9.50 ന് കണ്ണൂരിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്ന് ഉടൻ തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ച് രണ്ടു മണിക്കൂറിന് ശേഷം പുറപ്പെടുമെന്ന് ആദ്യം യാത്രക്കാരെ അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
പകരം വിമാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരും ഡൽഹി വഴി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരും വിമാനത്തിലുണ്ടായിരുന്നു.
ഒടുവിൽ യാത്രക്കാരെ വിമാനക്കമ്പനി അധികൃതർ ഹോട്ടലിലേക്കു മാറ്റി. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ചൊവ്വാഴ്ച യാത്രക്കാരെ ഡൽഹിയിൽ എത്തിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കോഴിക്കോട്ടുനിന്നാണു കണ്ണൂർ വഴി ഡൽഹിയിലേക്ക് എയർഇന്ത്യ സർവീസ് നടത്തുന്നത്.
കണ്ണൂർ-ഡൽഹി വിമാനം തിരിച്ചിറക്കി; സർവീസ് റദ്ദാക്കി
01:14 AM Sep 27, 2022 | Deepika.com