തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി സമരസമിതി നേതാക്കൾ ഇന്നലെ എകെജി സെന്ററിൽ ചർച്ച നടത്തി.
സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ ഇടപെടാമെന്ന് എം.വി. ഗോവിന്ദൻ ഉറപ്പുനൽകിയതായി ചർച്ചയ്ക്കുശേഷം തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
തുറമുഖനിർമാണത്തിന്റെ ആഘാതങ്ങളും പ്രശ്നങ്ങളും മനസിലാക്കുന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചതെന്നും പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് ഇടപെടാമെന്നു സമ്മതിച്ചതായും വികാരി ജനറാൾ പറഞ്ഞു.
ചൊവ്വാഴ്ച മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേരും. തിങ്കളാഴ്ച ഇതുവരെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ രേഖാമൂലം എഴുതി നൽകും. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങളിൽ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും എഴുതി നൽകും.
വിഴിഞ്ഞം അദാനി തുറമുഖ നിർമാണം ആരംഭിച്ചശേഷമുണ്ടായ തീരശോഷണവും വീടുകൾ കടലെടുത്തതും സംബന്ധിച്ച് പ്രാദേശിക ഗവേഷകരെ ഉൾപ്പെടുത്തി പഠനം നടത്തുന്ന കാര്യം എം.വി .ഗോവിന്ദനുമായി ചർച്ച ചെയ്തു.
വിഴിഞ്ഞം: എം.വി. ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി
01:22 AM Sep 25, 2022 | Deepika.com