തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരാതി നൽകിയതിന്റെ നിയമപരമായ സാധുതകൾ പരിശോധിക്കുന്ന നടപടിക്രമങ്ങൾ രാജ്ഭവൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിജിലൻസ് കോടതിയിലെ നടപടിക്രമങ്ങൾ അനൗദ്യോഗികമായി ശേഖരിച്ചുവെന്നാണു വിവരം.
മുഖ്യമന്ത്രിക്കെതിരേ പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഗവർണർക്കു കത്തു നൽകിയതിനു പിന്നാലെയാണു വിജിലൻസ് കോടതി നടപടിക്രമങ്ങൾ രാജ് ഭവൻ തേടിയത്.
മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് പരാതിക്കാരൻ ആദ്യം ഇ -മെയിലായും കഴിഞ്ഞ ദിവസം നേരിട്ടും ഗവർണർക്കു പരാതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഗുവാഹത്തിയിലുള്ള ഗവർണർ പരാതി പരിശോധിച്ചിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ സാധുതകളും പരിശോധിച്ചു വരികയാണ് രാജ്ഭവൻ.
മുഖ്യമന്ത്രിക്കെതിരേയുള്ള പരാതി: രാജ്ഭവൻ നിയമസാധുതകൾ പരിശോധിച്ചു
01:22 AM Sep 25, 2022 | Deepika.com