കണ്ണൂർ: കണ്ണൂരിൽ പലയിടത്തും പെട്രോൾ ബോംബേറും അക്രമങ്ങളും കൊണ്ട് സംഘർഷഭരിതമായി. ജില്ലയിൽ മൂന്നിടങ്ങളിൽ ബോംബേറുണ്ടായി. അക്രമത്തെത്തുടർന്ന് 42 പേരെ കരുതൽ തടങ്കലിലാക്കി. കല്യാശേരിയിൽ പെട്രോൾ ബോംബുമായി എത്തിയ അഞ്ചംഗ സംഘത്തിൽ രണ്ടു പേരെ പോലീസ് പിന്തുടർന്ന് പിടികൂടി.
ഇരിട്ടി ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെയും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി എ. നിവേദിന് നേരേയും പെട്രോൾ ബോംബേറുണ്ടായി. മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിനു നേരെയുണ്ടായ പെട്രോൾ ബോംബേറിൽ ജനൽച്ചില്ലു തകർന്നു.
കല്യാശേരിയിൽ രണ്ടു പെട്രോൾ ബോംബുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഇന്ത്യ പ്രവർത്തകരായ മാങ്കടവ് കുന്നുംപറന്പ് സ്വദേശി സി.എച്ച്. അനസ്(24), പാപ്പിനിശേരി പാറക്കൽ സ്വദേശി എൻ. ഷഫീക്(26) എന്നിവരെയാണു കണ്ണപുരം, വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്കൂട്ടറുകളിലായി ബോംബുകളുമായി ഒരു സംഘം സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു.
പയ്യന്നൂരിൽ ബലം പ്രയോഗിച്ച് കടയടപ്പിക്കാൻ ശ്രമിച്ച നാല് എസ്ഡിപിഐ പ്രവർത്തകർ നാട്ടുകാരുടെയും വ്യാപാരികളുടെയും തല്ലുകൊണ്ട് ഓടി. എന്നാൽ, ഇവരെ വിടാതെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ പോലീസിലേൽപിച്ചു. വളപട്ടണം പാലത്തിനു സമീപം യാത്രക്കാരുമായി കോട്ടയത്തുനിന്നു കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസ് തകർന്ന് യാത്രക്കാർക്കു പരിക്കേറ്റു.
കെഎസ്ആർടിസി വാഹനങ്ങൾക്കു നേരെയുള്ള അക്രമം വ്യാപകമായതോടെ കെഎസ്ആർടിസി ബസുകൾ രാവിലെ തുടങ്ങിയ സർവീസ് നിർത്തിവച്ചു. സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.
കാസർഗോഡ് ജില്ലയിലെ തീരദേശ, ഇടനാട് മേഖലകളിലെ ജനജീവിതം സ്തംഭിപ്പിച്ചു. എന്നാൽ മലയോരമേഖലയെ ബാധിച്ചില്ല. കാര്യമായ അക്രമസംഭവങ്ങളൊന്നും അരങ്ങേറിയില്ല. കല്ലേറ് ഭയന്ന് ദേശീയപാതയിലും സംസ്ഥാനപാതയിലും കെഎസ്ആർടിസിയും സ്വകാര്യബസുകളും സർവീസ് നടത്താത്തത് ജനങ്ങളെ വലച്ചു. സ്വകാര്യവാഹനങ്ങൾ മാത്രമാണു നിരത്തിലിറങ്ങിയത്. വിദ്യാഭ്യാസസ്ഥാപനങ്ങളും ബാങ്കുകളും കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു. ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.
കണ്ണൂരിൽ പെട്രോൾബോംബ് ആക്രമണം; പയ്യന്നൂരിൽ സമരക്കാരെ തല്ലിയോടിച്ചു
12:56 AM Sep 24, 2022 | Deepika.com