കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികള്‍ നടത്തുന്ന ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
റബര്‍ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബര്‍ കമ്പനികള്‍ കോടതിവിധിക്കായി ശ്രമിക്കുന്നത്. 26നു കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി റബര്‍ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഉപദേശം നല്‍കേണ്ട റബര്‍ ബോര്‍ഡ് ഉത്തരവാദിത്വം നിര്‍വഹിക്കണം എന്നാണ് ഇക്കൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെടുന്നത്. ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നില്‍ റബര്‍ ബോര്‍ഡിനെ സഹായിക്കുക എന്നതാണ്.
കോടതിവിധി അനുകൂലമായി വന്നാല്‍ അതിന്റെ മറവില്‍ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ റബര്‍ ബോര്‍ഡിന് മുന്‍കാലങ്ങളില്‍ തയാറാക്കി സമര്‍പ്പിച്ച് തള്ളിക്കളഞ്ഞ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് വ്യവസായികളെ സംരക്ഷിക്കാം. റബര്‍ ബോര്‍ഡ് കര്‍ഷക വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നും, കേന്ദ്രസര്‍ക്കാര്‍, കര്‍ഷക രക്ഷയ്ക്കായി ഇത്തരം വ്യവഹാരങ്ങളെ തള്ളിക്കളയണമെന്നും വിസി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് അഡ്വ. വി.സി. സെബാസ്റ്റ്യന്‍
12:49 AM Sep 24, 2022 | Deepika.com