തിരുവനന്തപുരം: ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രിക്കു കത്തു നൽകി.
മറ്റു സംസ്ഥാനങ്ങൾ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ കേരളത്തിൽ നിന്നുള്ള മെഡൽ ജേതാക്കൾക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.
ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മെഡൽ നേടിയവരിൽ അഞ്ച് മലയാളികളും ഉൾപ്പെട്ടിരുന്നു. ട്രിപ്പിൾ ജംപ് വിഭാഗത്തിൽ എൽദോസ് പോളും അബ്ദുള്ള അബൂബക്കറുമാണ് സ്വർണവും വെള്ളിയും നേടിയത്. ലോംഗ് ജംപിൽ എം. ശ്രീശങ്കറും ഹോക്കിയിൽ പി.ആർ ശ്രീജേഷും വെള്ളി മെഡലുകൾ നേടി. ട്രീസ ജോളി ബാറ്റ്മിൻഡനിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഇവർക്കു സമ്മാനത്തുക പ്രഖ്യാപിക്കണമെന്നും കത്തിൽ പറയുന്നു.
കോമണ്‍വെൽത്ത് ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിക്കണം: സതീശൻ
02:00 AM Aug 20, 2022 | Deepika.com