കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരേ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി. മറ്റൊരു ബെഞ്ച് ഇനി ഹര്‍ജി പരിഗണിക്കും. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പിന്മാറുകയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിക്കുകയായിരുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തെത്തുടര്‍ന്ന് ഹൈക്കോടതിയാണ് 2019ല്‍ എറണാകുളം സ്പെഷല്‍ അഡി. സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഭരണവിഭാഗം നല്കിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ വീണ്ടും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി. ഈ കോടതി മാറ്റം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്.
ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ കോടതിയില്‍ നിന്നാണ് 2019ല്‍ കേസ് സ്പെഷല്‍ അഡി. സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഇതേപോലെ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ ഈ കേസ് പരിഗണിച്ചിട്ടുള്ളതു ചൂണ്ടിക്കാട്ടി അതിജീവിതയുടെ അഭിഭാഷക ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു പിന്മാറിയത്.
സര്‍ക്കാര്‍ തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നത് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഓണം അവധിക്കുശേഷം പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസ്; ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി
02:00 AM Aug 20, 2022 | Deepika.com