പഴയങ്ങാടി (കണ്ണൂർ): കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ബൈക്ക് യാത്രികനായ കർണാടക ചിക്കമഗളൂരു സ്വദേശി മുഹമ്മദ് ഷംഷീർ (25) ആണു മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കി (26) നെ ഗുരുതരമായി പൊള്ളലേറ്റനിലയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണു ഷംഷീർ മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിലായിരുന്നു അപകടം. മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്കു വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്കു പോകുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാറിന്റെ ഇന്ധന ടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു.
അപകടം നടന്നയുടൻ കാർ ഡ്രൈവർ മൊറോഴ സ്വദേശി രാധാകൃഷ്ണൻ കാറിൽനിന്നു പുറത്തേക്കിറങ്ങി ഓടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ കാറും ബൈക്കും പൂർണമായും കത്തിനശിച്ചു. കണ്ണപുരം പോലീസും കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തെ തുടർന്ന് പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഷംഷീറിന്റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി.
കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി യുവാവ് മരിച്ചു, ഒരാളുടെ നില ഗുരുതരം
12:54 AM Aug 20, 2022 | Deepika.com