മട്ടന്നൂർ: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ചതിന് കേസുകൾ എണ്ണി കാപ്പ ചുമത്താനാണു സർക്കാർ നീക്കമെങ്കിൽ ഊരുവിലക്കെന്നതു തനിക്കു മാത്രമായിരിക്കില്ലെന്നു ഫർസിൻ മജീദ്.
അങ്ങനെയാണെങ്കിൽ കേരളത്തിലെ സിപിഎമ്മിന്റെ ഒറ്റ നേതാക്കൾക്കുപോലും കണ്ണൂർ ജില്ലയിൽ കാലു കുത്താനാകില്ല. കാപ്പ ചുമത്തിയാൽ നിയമപരമായി നേരിടുമെന്നും ഫർസിൻ മട്ടന്നൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാവർക്കും കേസുകളുണ്ടാകും.
അതിനെ ഇതുപോലെ നേരിടാനാണ് ഒരുങ്ങുന്നതെങ്കിൽ ഉത്തര കൊറിയയാണ് ഏറ്റവും നല്ലത്. പിണറായി വിജയൻ ഉത്തരകൊറിയയുടെ ഭരണാധികാരിയെക്കാൾ വലിയ അധികാര ദുർവിനിയോഗമാണു നടത്തുന്നത്. തനിക്കെതിരേ കാപ്പ ചുമത്തിയതുകണ്ട് കേരളത്തിലെ ഗുണ്ടകൾ ചിരിക്കുന്നുണ്ടാകുമെന്നും ഫർസിൻ പരിഹസിച്ചു.
യഥാർഥ ഗുണ്ടകൾ മുടക്കോഴി മലയിലെ കാട്ടിൽ ഒളിച്ചിരിക്കുകയാണ്. എന്റെ പേരിലുള്ളതിനേക്കാൾ കേസുകൾ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലുണ്ട്. 23 കേസുകളുള്ള എൽഡിഎഫ് കൺവീനർക്കെതിരേ കാപ്പ ചുമത്തിയോ? -ഫർസിൻ ചോദിച്ചു.
തന്റെ പേരിൽ 19 കേസുകളുണ്ടെന്നു പിണറായി വിജയൻ തെളിയിച്ചാൽ സിപിഎമ്മിന്റെ അംഗത്വമെടുത്ത് അവർക്കൊപ്പം പ്രവർത്തിക്കാൻ തയാറാണെന്നും ഫർസിൻ മാധ്യമങ്ങളോട് പറഞ്ഞു.
കാപ്പ ചുമത്തിയതിനെ നിയമപരമായി നേരിടുമെന്നു ഫർസീൻ
12:53 AM Aug 20, 2022 | Deepika.com