പത്തനംതിട്ട: ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തെ സംബന്ധിച്ച് താന്‍ നേരത്തേ നല്കിയ കേസ് അവസാനിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
സിപിഐ നേതാവെന്ന നിലയിലാണ് താന്‍ ഹര്‍ജി നല്‍കിയതെന്നും മന്ത്രിയായതോടെ ഇതില്‍നിന്നു പിന്മാറിയിരുന്നതായും മന്ത്രി ദീപികയോടു പറഞ്ഞു. തന്നെയുമല്ല കേസ് പൂര്‍ണമായി കഴിഞ്ഞ ജൂലൈ 20ന് കോടതി അവസാനിപ്പിക്കുകയും ചെയ്തതാണ്. ഇതു സംബന്ധമായി ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ മലിനീകരിക്കപ്പെടുന്നതു തടയുക എന്ന ഉദ്ദേശ്യം മാത്രമേ ഹരിത ട്രൈബ്യൂണലില്‍ താന്‍ നല്കിയ ഹര്‍ജിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ തന്നെ വന്നുകണ്ട ‘കിഫ’ ഭാരവാഹികളോട് ഇക്കാര്യം വ്യക്തമാക്കിയതായും പ്രസാദ് പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രമായി ചുമതല ഏല്പിച്ച നടപടികളില്‍ കിഫ രേഖപ്പെടുത്തിയ ആശങ്ക സുദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടു.
കൃഷിവകുപ്പും റവന്യു വകുപ്പും കര്‍ഷകസംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു സമിതി ബഫര്‍ സോണ്‍ വിഷയങ്ങളുടെ തുടര്‍നടപടികള്‍ക്കായി ആവശ്യമാണ് എന്ന കിഫയുടെ നിലപാട് മതിയായ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് മന്ത്രി അറിയിച്ചതായി കിഫ ഭാരവാഹികള്‍ പറഞ്ഞു.
വന്യജീവി ആക്രമണങ്ങളില്‍ കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തി അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് കൃഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ഇടുക്കിയിലെ കേസ് നേരത്തേ അവസാനിപ്പിച്ചുവെന്ന് മന്ത്രി പി. പ്രസാദ്
01:56 AM Aug 19, 2022 | Deepika.com