കൊച്ചി: കുര്ബാനവിഷയത്തില് വത്തിക്കാന്റെ സുപ്രധാനനീക്കം എന്ന തരത്തില്‍ പ്രചരിക്കുന്ന തികച്ചും തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരേ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചില പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
വാര്‍ത്തകളില്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പയോ പൗരസ്ത്യ തിരുസംഘമോ സീറോ മലബാര്‍ സിനഡിന്റെ ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെക്കുറിച്ചും നേരത്തേ ഔദ്യോഗികമായി നല്കിയതല്ലാതെ പുതുതായി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍പാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്. ഇതിനാവശ്യമായ എല്ലാ സഹകരണങ്ങളും സഭയുടെ മുഴുവന്‍ പിന്തുണയും അഡ്മിനിസ്ട്രേറ്റര്‍ക്ക് സിനഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിശുദ്ധകുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതിയെ സംബന്ധിച്ചും സ്ഥലവില്പനയിലെ നഷ്ടം നികത്തല്‍ സംബന്ധിച്ചും കൃത്യമായ വിശദീകരണക്കുറിപ്പ് സഭ ഇതിനോടകം ഔദ്യോഗികമായി നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്നിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
കുര്ബാനവിഷയത്തില് തെറ്റായ വാര്‍ത്തകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: മീഡിയ കമ്മീഷന്
02:28 AM Aug 19, 2022 | Deepika.com