തൃക്കരിപ്പൂർ: പോലീസിനെ വെട്ടിച്ചുകടന്ന കാറിൽ പരിശോധന നടത്തുന്നതിനിടെ കാറിടിപ്പിച്ച് സിവിൽ പോലീസ് ഓഫീസറെ അപായപ്പെടുത്താൻ ശ്രമം. ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.പി. സുധീഷി (38) നാണു പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പടന്ന കാവുന്തലയിലെ പുതിയപുരയിൽ വീട്ടിൽ എം.കെ. സവാദ് (29), ചെറുവത്തൂർ മടക്കര പൊള്ളയിലെ മുഹമ്മദ്കുഞ്ഞി (35) എന്നിവരെയാണ് ചന്തേര പ്രിൻസിപ്പൽ എസ്ഐ എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെ മെട്ടമ്മലിലായിരുന്നു സംഭവം.
സംശയകരമായ സാഹചര്യത്തിൽ ആയിറ്റി ഭാഗത്തുനിന്നു വന്ന മാരുതി 800 കാറിനെ പിന്തുടർന്ന് എസ്ഐയും സംഘവും മെട്ടമ്മലിലെത്തി കാർ പരിശോധിക്കാൻ തുടങ്ങിയതോടെയായിരുന്നു പോലീസ് ഓഫീസറെ ആക്രമിച്ചത്.
പിന്നിലേക്കെടുത്ത് കാറിന്റെ ഡോറുകൾ തുറന്ന് സിവിൽ പോലീസ് ഓഫീസറെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാർ തടയാൻ ശ്രമിച്ച എസ്ഐ എം.വി. ശ്രീദാസിനെ തള്ളിമാറ്റിയാണ് സിവിൽ പോലീസ് ഓഫീസറെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്.
വീഴ്ചയിൽ ഇടുപ്പിനു പരിക്കേറ്റ് ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് ജനമൈത്രി ബീറ്റ് ഓഫീസർ കൂടിയായ സുധീഷ്. കൈത്തണ്ടയ്ക്കും പരിക്കേറ്റു.
സിവിൽ പോലീസ് ഓഫീസറെ അപായപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
12:20 AM Aug 19, 2022 | Deepika.com