തിരുവനന്തപുരം: തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തമാക്കുന്നു.
സമരം പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾ നടത്താൻ സർക്കാർ തയാറാവാത്തതിനെതിരേ വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നപരിഹാരം വേണമെന്ന ആവശ്യമാണ് പ്രധാനമായും സമരസമിതി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, അത്തരത്തിലൊരു ചർച്ചയ്ക്കുള്ള നടപടികൾ ഒന്നും ഇന്നലെ വരെ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.
സബ് കളക്ടർ ഇന്നലെ സമരസമിതി ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിതല ചർച്ചകൾ കൊണ്ടു മാത്രമേ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുകയുള്ളെന്നും സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു. തീരദേശ ജനതയുടെ ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനായുള്ള സമരമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരദേശസമരം: അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തം
01:17 AM Aug 18, 2022 | Deepika.com