കൊച്ചി: മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ അനുവദിച്ച പത്തുശതമാനം സമുദായ ക്വോട്ട റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്‍എസ്എസിന്റെ സ്കൂളുകളില്‍ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്കിയ അപ്പീലിലാണ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
എന്‍എസ്എസ് മാനേജ്മെന്റ് സ്കൂളുകള്‍ക്ക് സമുദായ ക്വോട്ടയില്‍ പ്രവേശന നടപടിയുമായി മുന്നോട്ടു പോകാമെന്നും എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രവേശന നടപടികള്‍ അന്തിമമാക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളില്‍ പത്തുശതമാനം സമുദായക്വോട്ട അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂലൈ 27ന് ഇതു റദ്ദാക്കിയത്.
ഈ പത്തുശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഓപ്പണ്‍ മെറിറ്റില്‍ നടത്താനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് എന്‍എസ്എസ് അപ്പീല്‍ നല്‍കിയത്.
എന്‍എസ്എസ് സ്കൂളുകളില്‍ സമുദായ ക്വോട്ട റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു
12:19 AM Aug 17, 2022 | Deepika.com