കുമളി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണ്‍ നിർണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും മന്ത്രാലയവും റിവ്യു പെറ്റീഷൻ നൽകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
ലോക ഗജദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികൾ തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫർ സോണ്‍ ഉത്തരവിലെ സെക്ഷൻ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. വിഷയത്തിൽ നിലവിലെ യഥാർഥ സാഹചര്യങ്ങൾ പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രാലയം 2021 ൽ തന്നെ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രശ്നത്തിനു പരിഹാരം കാണാൻ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി ജില്ലയുടെ ആവശ്യം പരിഗണിച്ച് കട്ടപ്പനയിൽ 100 കിടക്കകളുടെ ഇഎസ്ഐ ആശുപത്രി ഉടനെ സ്ഥാപിക്കും. ഭാവിയിൽ ആയുഷ്മാൻ ഭാരത് യോജന ഗുണഭോക്താക്കൾക്കും ആശുപത്രിയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ അഗസ്ത്യമലയിൽ പുതിയ ആന സങ്കേതം സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേന്ദ്ര വനം -പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി അശ്വിനികുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ആനകളുടെ സംരക്ഷണം സംബന്ധിച്ച വീഡിയോ പ്രദർശനവും ഗജദിന പോസ്റ്റർ, പുസ്തക പ്രകാശനവും നടന്നു. ബഫർ സോണ്‍ വിഷയത്തിൽ വിവിധ കർഷക സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.
ബഫർ സോണ്‍ വിഷയത്തിൽ റിവ്യു പെറ്റീഷൻ നൽകും: കേന്ദ്ര വനംമന്ത്രി
02:59 AM Aug 13, 2022 | Deepika.com