കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരേ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് വിചാരണക്കോടതിയില്‍ കക്ഷികളായ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് നല്കാന് നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം 19നു വീണ്ടും പരിഗണിക്കും.
വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുണ്ടായിരുന്ന കേസ് സ്പെഷല്‍ അഡി. സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ 2019 ഫെബ്രുവരി 25നാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ഇങ്ങനെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മാറ്റിയ കേസ് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ബലത്തില്‍ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്നാണ് അതിജീവിതയുടെ വാദം.
കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നാണ് ആവശ്യം. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 407 പ്രകാരം ഹൈക്കോടതി ഇതിലിടപെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു.
യുവനടിയെ ആക്രമിച്ച കേസ്: നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
02:59 AM Aug 13, 2022 | Deepika.com