ചിങ്ങവനം: നാട്ടകത്ത് നിയന്ത്രണംവിട്ട ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ മരിച്ചു. മറിയപ്പള്ളി പുത്തൻമഠത്തിൽ സുദർശനൻ (61), ഭാര്യ ഷൈലജ (56) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡിൽ മറിയപ്പള്ളിയിലാണ് അപകടം.
പള്ളത്തെ വാടകവീട്ടിൽനിന്നു കുടുംബവീട്ടിലേക്ക് ആക്ടീവ സ്കൂട്ടറിൽ വരികയായിരുന്നു ദന്പതികൾ. ഈ സമയം കോട്ടയം ഭാഗത്തുനിന്നു വന്ന ലോറി ദിശ മാറി ആദ്യം മുന്നിലുണ്ടായിരുന്ന കാറിലും പിന്നീട് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷൈലജ തൽക്ഷണം മരിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സുദർശനെ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംഭവത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി. വിമുക്ത ഭടനായ സുദർശനൻ കുമരകം കാർഷിക വികസന കേന്ദ്രത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. മക്കൾ: ശരത്ത്, സുധീഷ് (ഇരുവരും ദുബായ്). മരുമക്കൾ: അഞ്ജലി, നിമിഷ (ഇരുവരും ദുബായ്).
ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ മരിച്ചു
01:38 AM Aug 13, 2022 | Deepika.com