തിരുവനന്തപുരം: വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശത്തെ സംസ്ഥാനത്തെ ചില രാഷ്ട്രീയ പാർട്ടികൾ എതിർത്തതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം. കൗൾ.
വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിലാണ് എതിർപ്പ് അറിയിച്ചത്. എതിർപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയിലാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് അടക്കമുള്ള ക്രമക്കേട് തടയുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കിയിട്ടില്ല.
ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ഇപ്പോൾ ആരുടെയും വോട്ടർ പട്ടികയിലെ പേർ അസാധുവാകില്ല. ആധാർ നന്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ എന്ന വെബ്സൈറ്റ് മുഖേനെയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (vha) മുഖേനെയോ ഫോം 6ബിയിൽ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നന്പർ രേഖപ്പെടുത്താം.
വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ചില രാഷ്ട്രീയകക്ഷികൾ എതിർത്തതായി സിഇഒ
12:49 AM Aug 13, 2022 | Deepika.com